കിം ജോങ് ഉന്നിന്റെ പ്രതിരോധം നിലനില്‍പ്പിനെന്ന് കൊടിയേരി; 'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു'

മുഖ്യമന്ത്രിക്ക് പിന്നാലെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്തു സൈനികശേഷി വര്‍ധിപ്പിക്കുന്നതെന്നു കോടിയേരി കായംകുളത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ചൈനയ്‌ക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്നും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദേഹം ആരോപിച്ചു.

മുന്‍പ് മികച്ച രീതിയില്‍ അമേരിക്കയെ നേരിടുന്നത് ഉത്തര കൊറിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് അഭിപ്രായപ്പെട്ടിരുന്നു. കിം ജോങ് ഉന്നിന്റെ ചിത്രം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പാര്‍ട്ടി സമ്മേളന പ്രചാരണ ബോര്‍ഡുകളില്‍ ഇടം പിടിച്ചത് വിവാദമായിരുന്നു.

മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മാത്രമല്ല, വേറൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റേതെങ്കിലും രാജ്യം ശ്രമിച്ചാല്‍ മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കി. ഇതിന്റെ ഫലമായി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ഒരുങ്ങുന്നു. ചൈനയ്‌ക്കെതിരെ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അച്ചുതണ്ടു രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ചൈനയെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വ ഇടപെടല്‍ വര്‍ധിച്ചു വരികയാണെന്നും കൊടിയേരി പറഞ്ഞു.