സഭാതര്‍ക്കത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സിപിഎം. കോന്നിയില്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. കോന്നി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച.
വ്യാഴാഴ്ച വൈകീട്ടോടെയാണ് കോടിയേരി കോന്നി മൈലപ്രയിലെ മാര്‍ കുരിയാക്കോസ് ആശ്രമത്തിലെത്തിയത്. ഇവിടുത്തെ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി കോടിയേരി അരമണിക്കൂറോളം ചര്‍ച്ച നടത്തി. വൈദികര്‍ക്കൊപ്പം അത്താഴം കഴിച്ച ശേഷമാണ് കോടിയേരി ഇവിടെ നിന്ന് മടങ്ങിയത്.
ഓര്‍ത്തഡോക്‌സ് സഭക്ക് അര്‍ഹമായ നീതി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് കൂടിക്കാഴ്ചക്ക് ശേഷം കോടിയേരി പറഞ്ഞു. സര്‍ക്കാരുമായി തര്‍ക്കമില്ല. സൗഹൃദ കൂടിക്കാഴ്ചയായിരുന്നു, ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭ പറഞ്ഞിട്ടില്ലെന്നും വൈദികര്‍ പ്രതികരിച്ചു.
മൈലപ്ര ആശ്രമം സുപ്പീരിയര്‍ റവ.നഥാനിയേല്‍ റമ്പാന്‍, മാനേജര്‍ ഫാദര്‍.പി.വൈ ജസണ്‍, ഫാ.റോയി മാത്യു, ഫാ. മര്‍ക്കോസ് എന്നിവരുമായി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി .സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസ് ,ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
നേരത്തെ കോടിയേരി ഓര്‍ത്തഡോക്‌സ് സഭാ മേലദ്ധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കോടിയേരി കൂടിക്കാഴ്ച നടത്തിയിരുന്നു.