കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. കുപ്പിയിൽ പെട്രോളുമായിട്ടാണ് തേജസ് രാജ് പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നും പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു.
വീട്ടിലെത്തിയതിന് പിന്നാലെ ഫെബിന്റെ അച്ഛനുമായുള്ള വാക്കുതർക്കത്തിനിടെ തടയാനെത്തിയ ഫെബിനെ തേജസ് കുത്തുകയായിരുന്നു. ഫെബിനെ കുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ആക്രമണത്തിൽ ഫെബിന്റെ അച്ഛനും പരിക്കേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം കൊലപാതകത്തിന് പിന്നിൽ തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്‍റെ സഹോദരി പിന്‍മാറിയതാണ് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.