ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികൾക്ക് പരിക്ക്

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കാര്‍ഷിക മേഖലയില്‍ ജോലിചെയ്തിരുന്ന കൊല്ലം വാടി കാര്‍മല്‍ കോട്ടേജില്‍ പത്രോസിന്റെ മകന്‍ നിബിന്‍ മാക്‌സ്‌വെല്ലാണ് (31 ) മരിച്ചത്. മറ്റു രണ്ടു മലയാളികൾക്ക് പരിക്കുണ്ട്. ബുഷ് ജോസഫ് ജോര്‍ജ്, ഇടുക്കി സ്വദേശിയായ പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ആകെ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നിബിന്‍ മാക്‌സ്‌വെല്ലിന്റെ മൃതദേഹം സിവ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മാസം മുന്‍പാണ് നിബിന്‍ ഇസ്രായേലിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. നിബിന്റെ സഹോദരന്‍ നിവിനും ഇസ്രായേലിലാണ്.

ബുഷ് ജോസഫ് ജോര്‍ജും പോള്‍ മെല്‍വിനും പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. മുഖത്തും ശരീരത്തിലും പരിക്കേറ്റ ബുഷ് ജോസഫ് ജോര്‍ജ് ബെയ്‌ലിന്‍സണ്‍ ആശുപത്രയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സുഖം പ്രാപിച്ചുവരുന്നുവെന്നാണ് വിവരം. ഇദ്ദേഹം നാട്ടില്‍ കുടുംബത്തോട് സംസാരിച്ചു. നിലവില്‍ നിരീക്ഷണത്തിലാണ്.

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ മാര്‍ഗലിയോറ്റില്‍ ഒരു കൃഷിത്തോട്ടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ലെബനനില്‍ നിന്നുള്ള ടാങ്ക്‌വേധ മിസൈലാണ് ഇസ്രയേല്‍ ഭാഗത്തേക്ക് തൊടുത്തുവിട്ടത്. അക്രമണത്തിന് പിന്നില്‍ ഷിയ ഹിസ്ബുള്ള വിഭാഗമാണെന്നാണ് വിവരം.