കോന്നിയില്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പ്രധാന കാരണം പത്തനംതിട്ട ഡി.സി.സിക്കുണ്ടായ വീഴ്ചയാണെന്ന് അടൂര്‍ പ്രകാശ് എം.പി. മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താന്‍ റോബിന്‍ പീറ്ററുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി മോഹന്‍ രാജിനെ നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അത് പൂര്‍ണമായി അംഗീകരിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കണം. അഭിപ്രായങ്ങള്‍ പാര്‍ട്ടി തലത്തില്‍ അറിയിക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ കോന്നിയിലെ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടായി. പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. പരാജയപ്പെട്ടതില്‍ ഖേദമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കോന്നിയിലെ തോല്‍വി സംബന്ധിച്ച് കെപിസിസി ഗൗരവമായി പഠിക്കുകയും നടപടിയെടുക്കുകയും വേണം. ഇല്ലെങ്കില്‍ പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ആവര്‍ത്തിക്കും. താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയെന്ന പ്രചാരണം തെറ്റാണ്. ഒന്നില്‍ നിന്നും ഒളിച്ചോടി പോകുന്ന ആളല്ല അടൂര്‍ പ്രകാശ്. ഇടതുപക്ഷത്തിന്റെ മണ്ഡലമായിരുന്ന കോന്നി ഞാന്‍ പിടിച്ചെടുത്തതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അതേ സമയം തോല്‍വി സംബന്ധിച്ച് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും. പാര്‍ട്ടി ഫോറത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ പറയൂവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.