കൂടത്തായി കൊലപാതക കേസ്: ജോളിയെയും മാത്യുവിനെയും വീണ്ടും കസ്റ്റഡയില്‍ വിട്ടു

കൂടത്തായി കൊലപാതക കേസില്‍ പ്രതികളായ ജോളിയെയും മാത്യുവിനെയും വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയെ നാല് ദിവസത്തേക്കും മാത്യുവിനെ മൂന്ന് ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ജോളിയെയും മാത്യുവിനെയും 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.അതേസമയം ജോളിയുടെ അഭിഭാഷകന്‍ ഈ ആവശ്യം ശക്തമായി എതിര്‍ത്തു. രണ്ട് തവണ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടും തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെയെന്ന് ജോളിയുടെ അഭിഭാഷകന്‍ ചോദിച്ചു.

കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ടു പോകണമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ അതുണ്ടായില്ലെന്നും ജോളിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എല്ലാ കേസുകളും ജോളിയുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും അദ്ദേഹം കോടതിയില്‍ പരാതി പറഞ്ഞു.

എന്നാല്‍ വാദങ്ങള്‍ കേട്ട കോടതി പൊലീസിന് ജോളിയെ നാല് ദിവസം കസ്റ്റഡിയില്‍ വെയ്ക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കൂടത്തായിയിലെ സിലിയുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതക കേസിലാണ് ജോളിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതേ കേസിലാണ് മാത്യുവിനെയും കസ്റ്റഡിയില്‍ വാങ്ങിയത്.