കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫിന്റെ ഉറ്റ സുഹൃത്തായ യുവതി ഒളിവിലെന്ന് വിവരം. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുഹൃത്തായ യുവതിക്ക് അറിയാമെന്നാണ് പൊലീസ് കരുതുന്നത്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നുമാണ് യുവതിയുടെ വിവരങ്ങളും ചിത്രങ്ങളും പൊലീസിന് ലഭിക്കുന്നത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെയാണ് പൊലീസ് തിരയുന്നത്.
30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കണ്ടെത്താനായാല്‍ ജോളിയുടെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിയുമെന്നാണ് പൊലീസ് നിഗമനം. ജോളി പതിവായി തയ്യല്‍ കടയില്‍ പോയിരുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാനായി ജോളിക്കൊപ്പം യുവതി എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡ് അണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
അതേസമയം എന്‍ഐടി പരിസരത്ത് ജോളിക്ക് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ മനോജിനെ ജോളി പരിചയപ്പെടുന്നത് വസ്തു ഇടപാടിലൂടെയാണ്. എന്‍ഐടി പരിസരത്ത് വസ്തു വാങ്ങുന്നതിന് ഒരു ലക്ഷം രൂപ അഡ്വാന്‍സ് ആയി ജോളി കൈമാറി. രണ്ട് ചെക്കുകളാണ് നല്‍കിയത്.
എന്നാല്‍ കച്ചവടം മുടങ്ങി. എങ്കിലും മനോജ് പണം തിരികെ കൊടുത്തിരുന്നില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല പ്രാവശ്യം ആവശ്യപ്പെട്ടതോടെ ചെറു തുകകളായി മനോജ് പണം തിരികെ കൊടുത്തു. എന്‍ഐടിക്ക് സമീപമുള്ള കാട്ടാങ്ങല്‍ ജംഗ്ഷനിലെ പെട്ടിക്കടയിലാണ് മനോജ് പണം ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് കാട്ടാങ്ങലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ കട ജോളി പൊലീസിന് കാണിച്ച് കൊടുത്തു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.