കൂടത്തായി കൂട്ടമരണ കേസിൽ പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ മൂവരെയും വെള്ളിയാഴ്ച താമരശ്ശേരി കോടതിയിൽ ഹാജരാക്കും. ഒന്നാംപ്രതി പൊന്നാമറ്റം വീട്ടിൽ ജോളി (47), രണ്ടാം പ്രതി കാക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജി (44), മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ (48) എന്നിവരെയാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക.
വൈകീട്ട് നാലുവരെയാണ് കസ്റ്റഡി സമയം എന്നതിനാൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാവും പ്രതികളെ കോടതിയിൽ ഹാജരാക്കുക. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. റോയ് തോമസിന് സയനൈഡ് ചേർത്ത ഭക്ഷണം നൽകി കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ഇവരുടെ റിമാൻഡ് കാലാവധി ശനിയാഴ്ച അവസാനിക്കുന്നതിൽ വെള്ളിയാഴ്ച അന്വേഷണസംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകില്ല.
ചോദ്യം ചെയ്യലിൽ പൊന്നാമറ്റം കുടുബത്തിലെ മറ്റ് അഞ്ചു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞിട്ടുണ്ട്. ഇതിൽ സിലിയുടെ മരണത്തിൽ ജോളി, എം.എസ്. മാത്യു എന്നിവരെ ഉൾപ്പെടുത്തി താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയുടെ അനുമതിയോടെ പൊലീസ് ജോളിയെ വീണ്ടും അറസ്റ്റ് ചെയ്യും. ഇതിനുള്ള അപേക്ഷ വെള്ളിയാഴ്ച രാവിലെ കോടതിക്ക് സമർപ്പിക്കും.
Read more
അറസ്റ്റിന് കോടതി അനുമതി നൽകിയാൽ ജയിലിലെത്തി പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് വീണ്ടും പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പിന് കൊണ്ടുപോകാനുമായി കസ്റ്റഡിയിൽ കിട്ടാൻ കോടതിയെ സമീപിക്കും.