കൂടത്തായി കൊലപാതക പരമ്പര; റീ പോസ്റ്റുമോർട്ടത്തിൽ സയനൈ‍ഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൂടത്തായി കൊലപാതക പരമ്പരയിൽ റീ പോസ്റ്റുമാർട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തിൽ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസിൽ പ്രതിയായ പ്രജികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.

മൃതദേഹം സംസ്കരിച്ച് വർഷങ്ങൾ കഴി‍ഞ്ഞതിനാൽ സയനൈഡിന്‍റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ, മുഖ്യപ്രതി ജോളിയുടെ വീട്ടിൽ നിന്ന് തന്നെ സയനൈഡ് കിട്ടിയിട്ടുണ്ടെന്നും ഇത് പ്രധാന തെളിവായി മാറുമെന്നും പൊലീസ്  ഹൈക്കോടതിയെ അറിയിച്ചു. പ്രജി കുമാറിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.

Read more

അതേസമയം, ടോം തോമസ് കൊലപാതകക്കേസിൽ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി. കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നൽകണമെന്നായിരുന്നു കേസന്വേഷിക്കുന്ന കുറ്റ്യാടി സി ഐ താമരശേരി കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് അനുവദിച്ചില്ലെങ്കിൽ അന്നമ്മ കൊലപാതകക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടാനായിരുന്നു പൊലീസിന്‍റെ നീക്കം.