ജോളിയെ പോലീസ് ചോദ്യംചെയ്യുന്നതുവരെ എൻ.ഐ.ടി.യിൽ ലക്ചററാണെന്നാണു താൻ വിശ്വസിച്ചിരുന്നതെന്ന് രണ്ടാം ഭർത്താവ് ഷാജു. ജോളി കള്ളം പറയുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. എൻ.ഐ.ടി.യിൽ ബി.ബി.എ. ലക്ചററാണെന്നാണു പറഞ്ഞത്.
പിഎച്ച്.ഡി. ചെയ്യുന്നതുകൊണ്ട് അവധിയിലാണെങ്കിലും ഓഫീസിൽപോകാതിരിക്കാൻ പറ്റില്ല. അതുകൊണ്ട് ഇപ്പോൾ ഓഫീസ് ജോലിയാണെന്നുപറഞ്ഞു. ഒരുതവണ എൻ.ഐ.ടി.യുടെ ഗേറ്റുകടന്ന് കാറുമായി പോകുന്നതും കണ്ടു. ഒരിക്കൽ എം.കോമിന്റെയും നെറ്റ് യോഗ്യത നേടിയതിന്റെയുമെല്ലാം സർട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ചു തന്നു. അതുകൊണ്ട് സംശയിച്ചിരുന്നേയില്ല. ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാൽ ജോലിയുടെ കാര്യം കൂടുതൽ അന്വേഷിച്ചുമില്ല.
നേരത്തേ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നില്ലേ എന്ന് ഇപ്പോൾ ചോദിച്ചപ്പോൾ ഒരു ബ്യൂട്ടി ഷോപ്പിൽ ഇരിക്കാറുണ്ടെന്നാണുപറഞ്ഞത്. താൻപറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നു പോലീസ് പറയുന്നുണ്ടെന്ന് ജോളി പറഞ്ഞിരുന്നു. അല്ലാതെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഒരറിവുമില്ല.
സിലിക്ക് അപസ്മാരമുണ്ടായിരുന്നു. ഗർഭിണിയായിരുന്നപ്പോൾ അവർക്കു ചിക്കൻ പോക്സുള്ളതിനാൽ മകൾക്കും പലതരം രോഗങ്ങളുള്ളതായി സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ രണ്ടുപേരുടെയും മരണത്തിൽ സംശയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല . റോയിയുടെ സഹോദരനും സഹോദരിക്കുമൊക്കെ എതിർപ്പുണ്ടായിരുന്നെങ്കിലും ജോളിയുമായുള്ള തന്റെ വിവാഹത്തിനു താത്പര്യം കാണിച്ചത് സിലിയുടെ ബന്ധുക്കളിൽ ചിലരായിരുന്നു. ഈ കേസിൽ പോലീസ് മൊഴിയെടുക്കാൻ വന്നപ്പോഴാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നതും മരണകാരണം സയനൈഡ് ഉള്ളിൽചെന്നാണെന്നുമൊക്കെയുള്ള കാര്യം അറിയുന്നത് -ഷാജു പറഞ്ഞു.
കൊലപാതക പരമ്പരയിൽ ജോളിയെ അറസ്റ്റുചെയ്തതിനു പിന്നാലെ പൊന്നാമറ്റത്തുനിന്ന് രണ്ടാം ഭർത്താവ് ഷാജുവിനെ പുറത്താക്കി. പുസ്തകങ്ങളും സാധനങ്ങളുമുൾപ്പെടെ എല്ലാമെടുത്ത് ഷാജു പടിയിറങ്ങി. മൂന്നുപേരുടെ മരണം നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് തത്കാലം അടച്ചിടുകയാണെന്നാണു ബന്ധുക്കൾ പറയുന്നത്.
Read more
കുറെക്കാലം ജോളി നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞിരുന്നത് എൻ.ഐ.ടി.യിൽ വിസിറ്റിങ് പ്രൊഫസറാണെന്നാണ്. ഇതിനായി വ്യാജ തിരിച്ചറിയൽകാർഡും ഉണ്ടായിരുന്നു. രാവിലെ കാറുമെടുത്ത് വീട്ടിൽനിന്ന് ജോളി പോകുന്നത് എൻ.ഐ.ടി.യിലേക്കാണെന്ന് എല്ലാവരും കരുതി. പോലീസ് നടത്തിയ അന്വേഷണത്തിൽ എൻ.ഐ.ടി.യിൽ അങ്ങനെയാരു പ്രൊഫസറില്ലെന്നു തെളിഞ്ഞു. പറഞ്ഞതു കള്ളമാണെന്നു തെളിഞ്ഞതോടെ ജോളിയുടെ എല്ലാ നീക്കങ്ങളും പോലീസ് നിരീക്ഷിക്കാൻ തുടങ്ങി. എന്തിന് കള്ളം പറഞ്ഞുവെന്നു ചോദിച്ചപ്പോൾ നാട്ടുകാരുടെ മുന്നിൽ ഗമ കാണിക്കാനാണെന്നായിരുന്നു മറുപടി. ബി.ടെക്കുകാരിയാണെന്നാണു പറഞ്ഞിരുന്നത്. എന്നാൽ, തന്റെ യോഗ്യത ബി.കോം. ആണെന്ന് ജോളി പോലീസിന് മൊഴിനൽകി.