പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍. ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. കൂളിമാട് പാലം തകര്‍ച്ച സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടതെന്നും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയും കാരണക്കാരായ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തുവെന്നും റിയാസ് നിയമസഭയില്‍ പറഞ്ഞു.
കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണെന്ന് മന്ത്രി പറഞ്ഞു. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകള്‍ ഉയര്‍ത്തുമ്പോള്‍ ഒരു ജാക്കി തകരാറിലായതാണു ബീമുകള്‍ തകരാന്‍ കാരണമെന്നായിരുന്നു കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെയും വിശദീകരണം.
കൂളിമാടിലെ കരാര്‍ കമ്പനിക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. പാലാരിവട്ടത്ത് ഒരു രീതി കൂളിമാട് വേറൊരു രീതി എന്നത് സ്വീകാര്യമല്ലെന്നു പ്രതിപക്ഷം പറഞ്ഞു.
ഒരു കരാര്‍ കമ്പനിയോടും സര്‍ക്കാരിനു പ്രത്യേക മമതയില്ലെന്നു പറഞ്ഞ മന്ത്രി പാലാരിവട്ടം പാലം സംബന്ധിച്ച കാര്യങ്ങള്‍ സഭയില്‍ ഉയര്‍ത്തുന്നത് ബോധപൂര്‍വമാണെന്നും ഈ രണ്ട് സംഭവങ്ങളും എങ്ങനെ താരതമ്യപ്പെടുത്താന്‍ കഴിയുമെന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.