കോതമംഗലത്ത്‌ ബാവയുടെ കബറിടത്തിന്റെ പരിശുദ്ധി കാത്തു രക്ഷിക്കും; പള്ളി വിട്ടു കൊടുക്കില്ലെന്ന് യാക്കോബായ സഭ

കോതമംഗലത്ത്‌ പരിശുദ്ധ എൽദോ മാർ ബസേലിയോസ്‌ ബാവയുടെ കബറിടത്തിന്റെ പരിശുദ്ധി കാത്തു രക്ഷിക്കുമെന്ന് യാക്കോബായ സഭ. അതിനാൽ പള്ളി വിട്ടു കൊടുക്കില്ലെന്നും യാക്കോബായ സഭ വ്യക്തമാക്കി. വിശ്വാസികളുടെ മാനസികവേദന ഉൾക്കൊണ്ട് ഇക്കാര്യത്തിൽ ജുഡീഷ്യറി ഇടപെടണമെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ്‌ മാർ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തയും സഭാ ഭാരവാഹികളും വൈദിക യോഗത്തിനു ശേഷം മാധ്യമങ്ങൾക്ക്‌ നൽകിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.

പൊതുസമൂഹത്തിന്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ യാതൊരുവിധ പ്രവർത്തനവും യാക്കോബായ സഭ നടത്തുന്നില്ല. പലവട്ടം ചർച്ചകൾക്ക്‌ സഭ തയ്യാറായപ്പോഴും ഓർത്തഡോക്സ്‌ വിഭാഗം മനസ്സ്‌ കടുപ്പിക്കുകയാണ്‌ ചെയ്തത്‌.

സഭയുടെ പരമാദ്ധ്യക്ഷനായ അന്ത്യോഖ്യാ പാത്രിയാർക്കീസ്‌ ബാവയെ പരസ്യമായി അധിക്ഷേപിക്കുന്ന നടപടി ശരിയല്ല. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ യാക്കോബായ വിശ്വാസികൾക്കിടയിൽ ശക്തമായ പ്രതിഷേധമാണ്‌ ഉണ്ടാക്കുന്നത്‌. തർക്കങ്ങൾ പരിഹരിക്കാൻ പാത്രിയാർക്കീസ്‌ ബാവ നടത്തിയ ഇടപെടലുകൾക്ക്‌ യാതൊരു വിലയും നൽകിയില്ല.

Read more

സഭയെ ഇത്തരത്തിൽ ദ്രോഹിക്കുന്ന സമീപനം തുടർന്നാൽ ‘ചർച്ച്‌ ആക്ട്‌’ നടപ്പിലാക്കണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെടേണ്ടി വരുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. 34-ലെ ഭരണഘടനയെ ഉൾക്കൊള്ളാൻ സഭയ്ക്ക്‌ കഴിയില്ല. യാക്കോബായക്കാരന്റെ ഉള്ളിലുറച്ചുപോയ വിശ്വാസ പ്രമാണങ്ങൾ പറിച്ചു മാറ്റാൻ കോടതിക്കാവില്ല. മരിച്ചവരെ പോലും വെറുതെ വിടാതെ മനുഷ്യാവകാശ ലംഘനം നടത്തുകയാണ് ഇവിടെയെന്നും ഇത് ക്രിസ്തീയ മനോഭാവം വെടിഞ്ഞുള്ള പ്രവൃത്തിയാണെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സഹകരണത്തോടെ ഭാവി കാര്യപരിപാടികളുമായി മുന്നോട്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.