കാട്ടാനയാക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിന് പിന്നാലെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെയും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസ് കോതമംഗലം മജിസ്ട്രേറ്റ് കോടതി രാവിലെ 11 മണിക്ക് പരിഗണിക്കും. ഇരുവരും ഹാജരാകണം.
പോരാട്ടം അവസാനിപ്പിക്കല്ലെന്നും വ്യക്തിപരാമായി വേട്ടായാടാനാണ് ശ്രമമെന്നും ഇതിനെ പ്രതിരോധിക്കുമെന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ നേതാക്കൾ പറഞ്ഞു. കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് രാത്രി 11.47ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ അക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
റോഡ് ഉപരോധിച്ചതില്‍ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസ് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോതമംഗലത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ച് തകർത്തു. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ തിരുവനന്തപുരത്തും വലിയ പ്രതിഷേധം ഉയർന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
സംസ്ഥാന വ്യാപകമായി പ്രതിഷേധമുണ്ടാകുമെന്നും നേതാക്കളുടെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സമരം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി അറിയിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോതമംഗലം ടൗണിൽ പ്രതിഷേധിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര.