വ്യാജപട്ടയങ്ങള്‍: ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരുടെ സംഘം ഇടുക്കിയിലേക്ക്

ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂര്‍ ഉള്‍പ്പെടെയുള്ള വ്യാജപട്ടയവിവാദങ്ങള്‍ ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരുടെ മൂന്നംഗ സംഘം ഇടുക്കിയിലേക്ക്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, വനംവകുപ്പ് മന്ത്രി കെ.രാജു, വൈദ്യൂത മന്ത്രി എം.എം മണി എന്നിവരാണ് ഇടുക്കിയിലേക്ക് പുറപ്പെടുന്നത്.

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടേതുള്‍പ്പെടെ നിരവധി ആളുകളുടെ കയ്യേറ്റഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെ, കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം വലിയ ചര്‍ച്ചാവിഷയമായിരുന്നു. വൈദ്യുത മന്ത്രി എം.എം മണിയാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചത്. തുടര്‍ന്നാണ് മന്ത്രിമാരുടെ സംഘം ഇടുക്കി സന്ദര്‍ശിക്കണമെന്ന തീരുമാനമുണ്ടാവുന്നത്.

3200 ഹെക്ടര്‍ വിസ്തൃതിയുള്ള കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പാക്കാന്‍ 2006 ല്‍ റവന്യു വകുപ്പ് രംഗത്തെത്തിയത് പൊതുജനങ്ങളുമായി സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. മുന്നൊരുക്കങ്ങളില്ലാതെയും പരിശോധനകള്‍ നടത്താതെയുമാണ് വിജ്ഞാപനം നടത്തിയതെന്നും സ്ഥലവാസികളെ പരിഗണിച്ചില്ലെന്നുമാണ് പ്രധാന ആരോപണം. പത്തു വര്‍ഷത്തിലേറെയായി ഇടുക്കിയില്‍ ഇതിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട്. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളും സ്ഥലവാസികളുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പിലെത്താന്‍ മന്തിമാരുടെ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കുറിഞ്ഞി ഉദ്യാന മേഖലയില്‍പെട്ട കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58ാം നമ്പര്‍ ബ്ലോക്കിലാണ് ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടെ വിവാദ ഭൂമിയുള്ളത്. വട്ടവട വില്ലേജിലെ 62ാം ബ്ലോക്കും വിവാദഭൂമികളുള്ള മേഖലയാണ്.