കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് ഡിവൈഎഫ്‌ഐ. ലഹരിയുടെ അമിത ഉപയോഗത്തില്‍ കടുത്ത ക്രൂരതയാണ് പ്രതി നടത്തിയതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. അങ്ങേയറ്റം വേദനാജനകമാണ് ഈ സംഭവം, നമ്മുടെ സമൂഹം കുറേക്കൂടി ജാഗ്രതയോടെ ഇത്തരം വിഷയങ്ങളില്‍ ഇടപെടണമെന്നാണ് ഈ സംഭവത്തില്‍ നിന്നും മനസ്സിലാവുന്നത്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണിത്. ആ പോരാട്ടം ഡിവൈഎഫ്‌ഐ ഏറ്റെടുത്ത് ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും ഡോ.വന്ദനയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച ശേഷം വികെ സനോജ് പറഞ്ഞു.
ഡ്യൂട്ടിക്കിടെ ഡോക്ടര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഹൈക്കോടതി കേസെടുത്തിട്ടുണ്ട്. രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ എഡിജിപി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു. അലസമായി വിഷയത്തെ സര്‍ക്കാര്‍ കാണരുത്. ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്. പൊലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്റെ പരാജയമാണ്. ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.
പ്രതിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കില്‍ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു. ഡോക്ടര്‍മാര്‍ ഇന്നും സമരത്തിലല്ലേ എന്നും കോടതി ചോദിച്ചു, ചികിത്സക്കായി നിരവധി ആളുകളാണ് കാത്തുനില്‍ക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും, ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടര്‍മാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടര്‍മാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തില്‍ നിന്നാണ് സമരം നടത്തുന്നത് .എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക.വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.