കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച മൂന്നു സ്ത്രീകൾ കോട്ടയം സ്വദേശികൾ. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്(69), എയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ- ഹിസാർ ട്രെയിൻ ആണ് ഇവരെ തട്ടിയത്. കള്ളാറിൽ കല്യാണത്തിന് പങ്കെടുത്ത് തിരിച്ച് മലബാർ എക്സ്പ്രസിൽ മടങ്ങാൻ എത്തിയതായിരുന്നു ഇവർ.
പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയിലിന്റെ മകൻ ജസ്റ്റിൻ ജോർജിന്റെയും ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജിന്റെയും ലിനുവിന്റെയും മകൾ മാർഷയുടെയും വിവാഹത്തിന് ഇന്നലെ രാവിലെ മലബാർ എക്സ്പ്രസിലാണു ചിങ്ങവനത്തുനിന്നുള്ള ബന്ധുക്കളുടെ സംഘമെത്തിയത്. വിവാഹസംഘത്തിൽ 50 പേരാണ് ഉണ്ടായിരുന്നത്.
ചടങ്ങുകഴിഞ്ഞ് രാത്രി മലബാർ എക്സ്പ്രസിൽതന്നെ തിരികെപ്പോകാനാണ് കാഞ്ഞങ്ങാട്ട് എത്തിയത്. സ്റ്റേഷനോടു ചേർന്നുള്ള നടവഴിയിലൂടെയാണ് ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയത്. അവിടെനിന്നു ട്രാക്ക് കുറുകെ കടന്നു രണ്ടാം പ്ലാറ്റ്ഫോമിലെത്തി. ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിലാണു വരികയെന്നു പിന്നാലെ എത്തിയവർ പറഞ്ഞതിനെത്തുടർന്ന് ഇതേ വഴിയിലൂടെ തിരികെ ഒന്നാം പ്ലാറ്റ്ഫോമിലേക്കു പോകുമ്പോൾ കണ്ണൂർ ഭാഗത്തുനിന്നെത്തിയ കോയമ്പത്തൂർ – ഹിസാർ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. മറ്റാർക്കും പരുക്കില്ല.