കോട്ടയത്തെ റാഗിങ്ങ്: വിദ്യാര്‍ത്ഥികള്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടാല്‍ എന്തായി തീരുമെന്നതിന് ഉത്തമ ഉദാഹരണം; കുടുംബത്തിന്റെ നിയമ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്ന് എസ്എഫ്‌ഐ

കോട്ടയം ഗവ. നേഴ്‌സിങ് കോളേജിലെ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങ്ങില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ. വിദ്യാര്‍ത്ഥികള്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടാല്‍ എന്തായി തീരുമെന്നതിന് ഉത്തമ ഉദാഹരണമാണ് കോട്ടയം ഗവണ്മെന്റ് നേഴ്‌സിങ് കോളേജിലെ റാഗിംഗ് സംഭവം.

നേഴ്‌സിങ് കോളേജിലെ ജനറല്‍ നേഴ്‌സിങ് വിഭാഗത്തിലാണ് റാഗിംഗ് നടന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന അരാഷ്ട്രീയ ഗ്യാങ് ആരംഭിച്ചതിന് ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ അരാഷ്ട്രീയവത്കരണവും അതിനെ തുടര്‍ന്നുള്ള അരാജകവത്കരണവും അതിവേഗതയിലാണ് നടക്കുന്നത്.

എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ബഹുഭൂരിപക്ഷം മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിറ്റ് രൂപീകരിക്കാന്‍ പോലും അരാഷ്ട്രീയ ഗ്യാങ്ങുകളും, അവരെ പ്രോത്സാഹിപ്പിക്കുന്ന ചില അദ്ധ്യാപകരും അനുവദിക്കാറില്ല. ഇത്തരം ക്യാമ്പസുകളില്‍ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും ഇടപെടലുകളും നടക്കണം.

ദിവസങ്ങള്‍ക്ക് മുമ്പാണ് എറണാകുളം ഗ്ലോബല്‍ പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഇതേ ആഴ്ചയില്‍ തന്നെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മറ്റൊരു റാഗിംഗ് വാര്‍ത്ത പുറത്തു വന്നത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടക്കാത്ത കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നത് എന്താണ് എന്നതിനെ സംബന്ധിച്ച് പൊതുസമൂഹം ഇനിയെങ്കിലും ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. റാഗിംഗ് വാര്‍ത്തയും അതിനെ തുടര്‍ന്നുള്ള കുറച്ച് ദിവസങ്ങളിലെ ചര്‍ച്ചകളും കഴിഞ്ഞാല്‍ പതിയെ എല്ലാം മറക്കുകയാണ് പൊതുസമൂഹം.

ഇത് ഇത്തരം ക്രൂരത ചെയ്യാന്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. കേരളത്തില്‍ ഇന്നേവരെ രജിസ്റ്റര്‍ ചെയ്ത റാഗിംഗ് കേസുകളില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു എന്ന് മാത്രം പരിശോധിച്ചാല്‍ മതി. ബഹുഭൂരിപക്ഷം റാഗിംഗ് കേസുകളും കോടതിക്ക് പുറത്ത് വെച്ച് പറഞ്ഞു തീരുകയാണ്. ഇതും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അരാഷ്ട്രീയ കൂട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നു.

Read more

കോട്ടയം ഗവണ്‍മെന്റ് നേഴ്‌സിങ് കോളേജിലെ ജനറല്‍ നേഴ്‌സിങ് വിഭാഗത്തില്‍ റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും നിയമ പോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിന് സര്‍വ്വ പിന്തുണയും എസ്എഫ്‌ഐ നല്‍കുമെന്നും, അതിക്രൂരമായ റാഗിങ്ങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും പോലീസും കടുത്ത നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പറഞ്ഞു.