മുനമ്പം വിഷയത്തിഷൽ ക്രൈസ്തവ സഭാ ബിഷപ്പുമാരുമായി മുഖ്യമന്ത്രി പിണറായി
വിജയൻ ചർച്ച നടത്തും. കേരളത്തിൻ്റെ ഡൽഹിയിലെ പ്രതിനിധി കെ.വി, തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് പുതിയ വഖഫ് ബില്ല് കൊണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നീക്കം. ഈസ്റ്ററിന് ശേഷം ചർച്ചയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് ഇപ്പോൾ മനസിലായെന്ന് വർഗീസ് ചക്കാലക്കൽ പറഞ്ഞു. മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ്‌ബില്ലിന് പിന്തുണ നൽകിയതെന്നും പുതിയ സാഹചര്യത്തിൽ പിന്തുണ പുനഃപരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ മീറ്റ് ദി പ്രസിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read more
മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വഖഫ് ബില്ലിന് കെ.സി.ബി.സി അടക്കം പിന്തുണ നൽകിയിരുന്നത്. എന്നാൽ മുനമ്പം വിഷയം പരിഹരിക്കാൻ ഇനിയും നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു സൂചിപ്പിച്ചിരുന്നു. അതേസമയം മുനമ്പം സമരസമിതിയുടെ ഭാരവാഹികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിച്ചെന്നും നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമാകാത്തതിൽ നിരാശയുണ്ടെന്ന് സിറോ മലബാർ സഭയും പ്രതികരിച്ചിരുന്നു.