കോഴിക്കോട് കുട്ടിക്കടത്ത്; പെരുമ്പാവൂരില്‍ വൈദികന്‍ അറസ്റ്റില്‍

നിയമവിരുദ്ധമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തില്‍ എത്തിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് വൈദികന്‍ ജേക്കബ് വര്‍ഗീസിനെയാണ് അറസ്റ്റ് ചെയ്തത്. 12 കുട്ടികളെയാണ് നിയമവിരുദ്ധമായി കൊണ്ടുവന്നത്.

സംഭവത്തില്‍ ഇടനിലക്കാരെ നേരത്തെ കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്‌സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാര്‍, റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്തവരെ ഇന്നലെ ചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികന്‍ അറസ്റ്റിലായിരിക്കുന്നത്. പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നത്. കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അറിയിച്ചു.