കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത് ഉള്‍പ്പെടെ മൂന്ന് കേസുകളിലായി 12 പേര്‍ അറസ്റ്റിലായി. മെഡിക്കല്‍ കോളേജ് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പൂവാട്ട് പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധിയാര്‍ജിച്ച ‘ബി കമ്പനി’ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരില്‍ ഭൂരിഭാഗവും.
പൂവാട്ട്പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീര്‍ എന്ന പോക്‌സോ ബഷീര്‍, ഷഹബാസ് അഷ്‌റഫ്, പൂവാട്ട്പറമ്പ് കേളന്‍പറമ്പില്‍ അസ്‌കര്‍, ചെറൂപ്പ കോടഞ്ചേരി വീട്ടില്‍ ഫവാസ്, പെരിയങ്ങാട് തടായില്‍ വീട്ടില്‍ അബ്ദുല്‍ റാസിഖ്, പുറായില്‍ ഹൗസില്‍ ഷാഹുല്‍ ഹമീദ്, കുറ്റിക്കാട്ടൂര്‍ മേലേ അരയങ്കോട് മുനീര്‍, തീര്‍ത്ഥക്കുന്ന് അരുണ്‍, പൂവാട്ട് പറമ്പ് കളരിപുറായില്‍ അര്‍ഷാദ്, പെരുമണ്ണ മുഹമ്മദ് അജ്‌നാസ്, യാസര്‍ അറാഫത്ത് എന്നിവരാണ് കേസില്‍ പിടിയിലായത്.
ബഷീര്‍ എന്ന പോക്‌സോ ബഷീറാണ് ‘ബി കമ്പനി’യുടെ സംഘത്തലവന്‍. ബഷീറിനൊപ്പം മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായ അജ്മല്‍ കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലെത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ അര്‍ജുന്‍ എന്ന പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 11ന് ഇരുവിഭാഗങ്ങളായി നടുറോഡില്‍ ഏറ്റുമുട്ടുകയായിരുന്നു.