കോഴിക്കോട് ജില്ലയില്‍ സൂര്യതാപം മൂലം നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഏഴ് പേര്‍ ഇന്നലെ ചികിത്സ തേടി. ബേപ്പൂര്‍, പനങ്ങാട്, മേപ്പയൂര്‍, മണിയൂര്‍, അഴിയൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജില്ലയിലാകെ ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 190 ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മോഡല്‍ അനുമാനങ്ങള്‍ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകള്‍ പ്രകാരം ഇന്നും നാളെയും സംസ്ഥാന വ്യാപകമായി ചൂട് (താപ സൂചിക) വര്‍ധിക്കാനുള്ള സാധ്യത കാണുന്നു.
ഈ പശ്ചാത്തലത്തില്‍ വരുന്ന 2 ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പകല്‍ 11 മണി മുതല്‍ 3 മണി വരെ പൂര്‍ണ മായും ഒഴിവാക്കുകയും ചെയ്യുക. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പൊതുപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, പോലീസുകാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാന്‍ സാധ്യതയുള്ള വിഭാഗക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.