ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസിലെ തീപിടിത്തത്തില്‍ മരിച്ചത് കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശികള്‍. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, റഹ്‌മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ (2), നൗഫീഖ് എന്നിവരാണ് മരിച്ചത്. തീപടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം.
തീപിടിത്തമുണ്ടായ ട്രെയിനില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും കാണാതായെന്നു സഹയാത്രികര്‍ അറിയിച്ചിരുന്നു. ട്രെയ്ന്‍ കണ്ണൂരില്‍ എത്തിയപ്പോഴാണ് കാണാതായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസും ബന്ധുക്കളും അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അതേസമയം, മരിച്ച റഹ്‌മത്തിനൊപ്പം ഉണ്ടായിരുന്ന റാസിഖിനെ ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് ചാലിയത്തെ ബന്ധു വീട്ടില്‍ നിന്ന് നോമ്പ് തുറന്ന ശേഷം മട്ടന്നൂരിലേക്ക് പോവുകയായിരുന്നു റഹ്‌മത്ത് എന്ന് ബന്ധു നാസര്‍ വ്യക്തമാക്കി.
”ഇന്നലെ രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെ നിന്ന് പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്.”
”നോമ്പ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്. ട്രെയിനില്‍ സാധാരണ ഇവര്‍ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു” എന്നാണ് ബന്ധുവിന്റെ വാക്കുകള്‍.