കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് വന്ന കെ.പി അനിൽ കുമാറിനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച അനിൽ കുമാർ എകെജി സെന്ററിലെത്തിയാണ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. അനിൽ കുമാറിനെ ചുവന്ന പട്ട് പുതപ്പിച്ചാണ് കോടിയേരി സ്വീകരിച്ചത്.കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ വരുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
സി പിഐഎമ്മിനെ അംഗീകരിക്കുന്നവർക്ക് പ്രോത്സാഹനം നൽകുമെന്ന് പറഞ്ഞ കോടിയേരി, കോൺഗ്രസിൽ പ്രവർത്തകർക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനം അവസാനിച്ച ഉടനെ അദ്ദേഹം എ.കെ.ജി സെന്ററിൽ എത്തുകയായിരുന്നു. തുടങ്ങുമ്പോൾ ഏത് പാർട്ടിയിലേക്ക് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. അതെല്ലാം പിന്നീട് പറയാമെന്നായിരുന്നു ആദ്യമെ അദ്ദേഹത്തിന്റെ മറുപടി. എന്നാൽ വാർത്താസമ്മേളനം അവസാനിക്കാനിരിക്കെ അദ്ദേഹം തന്നെയാണ് സിപിഎമ്മിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.
പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.