കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് കെ.പി.അനില്‍കുമാര്‍ പറഞ്ഞു. രാജിക്കത്ത് സോണിയ ഗാന്ധിക്കും കെ.സുധാകരനും കൈമാറി. ഇപ്പോള്‍ നടക്കുന്നത് ഏകാധിപത്യമാണ്. ആളുകളെ നോക്കി നീതി നടപ്പാക്കുന്നു, പിന്നില്‍ നിന്ന് കുത്തേറ്റു മരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.
ഡിസിസി പ്രസിഡന്റ് പട്ടികയെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായിരുന്നു. അനില്‍കുമാറിന്‍റെ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചില്ല. കടുത്ത നടപടിയിലേക്ക് കെപിസിസി കടക്കാനിരിക്കെയാണ് പാര്‍ട്ടിവിട്ടത്.
ചാനൽ ചർച്ചയിലാണ് കെ പി അനിൽകുമാർ പട്ടികയ്ക്കും നേതാക്കൾക്കും എതിരെ രൂക്ഷ വിമർശനം നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്‍റുമാരെ വെയ്ക്കുമ്പോൾ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെയ്ക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു അനിൽ കുമാർ പറഞ്ഞത്
ഇതേ തുടർന്ന് കെ പി സി സി നേതൃത്വം അനിലിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകിയെങ്കിലും സസ്പെൻഷൻ നടപടി പിൻവലിച്ചിരുന്നില്ല. പാര്‍ട്ടി വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സസ്‌പെന്‍ഷന് പിന്നാലെ അനില്‍കുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വിശദീകരണത്തില്‍ കെപിസിസി നേതൃത്വം തൃപ്തരായിരുന്നില്ല.