കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്; ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍

അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടക്കുക. രാവിലെ 8 മണിക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആരംഭിച്ച പൊതുദര്‍ശനം 11 മണിവരെ തുടരും. തൃശ്ശൂരിലും സംഗീത നാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.

തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തും.തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.

ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. 1998-ല്‍ ഭരതന്റെ മരണത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നു. പക്ഷേ 1999-ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ശക്തമായി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.

Read more

രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് ചലച്ചിത്രനടനാണ്. ഇതുവരെ മലയാളത്തിലും തമിഴിലും ആയി ഏകദേശം 500-ലധികം ചിത്രങ്ങളില്‍ ലളിത അഭിനയിച്ചിട്ടുണ്ട്.