കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച തീരുമാനം വിജയൻ തോമസ് പിൻവലിച്ചു. ഇന്ന് നടത്താനിരുന്ന പത്രസമ്മേളനവും മാറ്റി വെച്ചു. കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ നീക്കത്തിന് പിന്നാലെയാണ് വിജയൻ തോമസ് തീരുമാനം പിൻവലിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് പ്രവര്‍ത്തിക്കുമെന്ന് വിജയൻ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും കോൺഗ്രസിന്‍റെ മുഖ്യശത്രുക്കളാണ്. ഇരുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണ്. കോണ്‍ഗ്രസിന്‍റെ അഭ്യന്തര ജനാധിപത്യത്തിന്‍റെ ഭാഗമാണ് തന്‍റെ രാജി. സി.പി.എം സൈബര്‍ പോരാളികള്‍ അത് ബി.ജെ.പി ലേക്കുള്ള യാത്രയായി പ്രചരിപ്പിച്ചത് ലജ്ജാവഹമാണെന്നും വിജയൻ തോമസ് കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിലും ഗ്രൂപ്പ് കളിയിലും അതൃപ്തിയുള്ളതു കാരണമാണ് രാജി വെച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ നേമത്ത് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വിജയന്‍ തോമസിന്റെ രാജിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. മറ്റു പാര്‍ട്ടിയിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെയും വിജയൻ തോമസ് അസ്വാരസ്യത്തെ തുടർന്ന് പാർട്ടി വിടാൻ തീരുമാനിച്ചിരുന്നു. നേതാക്കൾ അനുനയിപ്പിച്ച് മടക്കിക്കൊണ്ടു വരികയായിരുന്നു.