കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തിനായുള്ള ചരടുവലികൾ ശക്തമാക്കിയിരിക്കുകയാണ് നേതാക്കൾ. കെ.പി.സി.സി അദ്ധ്യക്ഷ പദവി ഒഴിയാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സന്നദ്ധത അറിയിച്ചിരുന്നു. അദ്ധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഉടൻ തീരുമാനം കൈകൊള്ളണമെന്ന നിലപാടിലാണ് മുല്ലപ്പള്ളി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ നിന്നും മുല്ലപ്പള്ളി വിട്ടു നിന്നിരുന്നു.
വർക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, ബെന്നി ബെഹനാന്‍, പി.ടി തോമസ് തുടങ്ങി പല നേതാക്കളെയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേരുകൾ നിർദ്ദേശിക്കില്ല എന്ന പിടിവാശിയിലാണ്.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി സാമുദായിക സമവാക്യങ്ങൾ കെ സുധാകരന് അനുകൂലമാണ് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. കെ മുരളീധരൻ, വി.ഡി സതീശൻ തുടങ്ങിയ നേതാക്കളുമായി കഴിഞ്ഞ ദിവസം സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കെ. സുധാകരന് വേണ്ടി രംഗത്തുണ്ട്. യു.ഡി.എഫ് കൺവീനർ പദവിയിലേക്ക് കെ.സി ജോസഫ്, പി.ടി തോമസ്, കെ. മുരളീധരൻ എന്നിവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാനും സാദ്ധ്യതയുണ്ട്.
അതേസമയം, 70 വയസ്സ് കഴിഞ്ഞ നേതാക്കളെയെല്ലാം രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് യുവനേതാക്കൾ അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. കേരളത്തിലെ പാർട്ടിയുടെ തോൽവി പഠിക്കുന്ന അശോക് ചവാൻ സമിതിക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനും മുമ്പാകെയാണ് കോൺഗ്രസിലെ യുവനിര ഇക്കാര്യം ആവശ്യപ്പെട്ടത്.
മുൻ മന്ത്രിമാരും എം.പി.മാരും എം.എൽ.എമാരുമൊക്കെയായ 70 കഴിഞ്ഞ മുതിർന്ന നേതാക്കൾക്ക് അവർ താമസിക്കുന്ന പ്രദേശത്തെ വോട്ടർമാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്താൻ ബൂത്തുതലത്തിലുള്ള ചുമതല ഏൽപ്പിക്കണമെന്നാണ് യുവ നേതാക്കളുടെ മറ്റൊരു ആവശ്യം. ഇവരുടെ മാർഗനിർദേശം താഴെത്തട്ടിൽ പാർട്ടിയെ പരിപോഷിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് എം.പിമാരും ചവാൻ സമിതിയോട് ആവശ്യപ്പെട്ടു. അതിനിടെ 70 വയസ്സ് കഴിഞ്ഞവരെ കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തോ മറ്റു ഭാരവാഹിസ്ഥാനങ്ങളിലോ പരിഗണിക്കരുതെന്ന ആവശ്യം കെ. സുധാകരന് അദ്ധ്യക്ഷ സ്ഥാനം ലഭിക്കരുതെന്ന ലക്ഷ്യത്തോടെ ഉള്ളതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.