പുനഃസംഘടനാ നടപടികളുമായി കെപിസിസിയ്ക്ക് മുന്നോട്ട് പോകാമെന്ന നിര്‍ദേശവുമായി ഹൈക്കമാന്‍ഡ്. കെപിസിസി പുനഃസംഘടനയില്‍ എ, ഐ ഗ്രൂപ്പുകള്‍ എതിര്‍പ്പറിയിച്ചതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്ത് കൊണ്ട് വേണം പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ എന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഹൈക്കമാന്റിന്റെ തീരുമാനം കെപിസിസി നേതൃത്വത്തെ അറിയിച്ചത്. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി മുന്നോട്ട് പോകുമെന്നും എന്നാല്‍ എല്ലാ ആവശ്യങ്ങളും നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാരണം പല സംസ്ഥാനങ്ങളിലും പുനഃസംഘടന നടന്നിട്ടില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
2022 മാര്‍ച്ച് 31 ന് കോണ്‍ഗ്രസിന്റെ അംഗത്വം വിതരണം പൂര്‍ത്തിയാകും. അത് വരെ പുനഃസംഘടന നടത്തുന്നതില്‍ തടസമില്ലെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഉപദേശക സമിതി എന്ന റോളില്‍ രാഷ്ട്രീയ കാര്യസമിതി പ്രവര്‍ത്തിയ്ക്കും എന്നും ഹൈക്കമാന്‍ഡ് പറഞ്ഞു.
ബുധനാഴ്ച്ച ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ തലമുറ മാറ്റത്തെ എതിര്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ആരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.