കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടികയിലെ അതൃപ്തി രേഖപ്പെടുത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്നും ശക്തമായ നേതൃത്വമാണ് വരേണ്ടതെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ജനപ്രതിനിധികള്‍ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായം. എം.പിമാരും എം.എല്‍.എമാരും മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്നെ സമയം തികയാതിരിക്കെ പാര്‍ട്ടി ഏല്പിക്കുന്ന ചുമതലകള്‍ എങ്ങനെ നിര്‍വഹിക്കാനാകും എന്ന് മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ ചോദിച്ചു.
കെപിസിസി ഭാരവാഹികളായി ഇരുഗ്രൂപ്പുകളും വലിയ പട്ടിക തന്നെ കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഏറ്റവും കാര്യക്ഷമമായി പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ സാധിക്കുന്ന നേതൃത്വമാണ് കെ.പി.സി.സിക്ക് ആവശ്യമുള്ളത്. തനിക്കു ലഭിച്ച ലിസ്റ്റില്‍ ഓരോ ഭാരവാഹിയെയും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിന് നല്‍കിയിട്ടുണ്ടെന്നും എന്തായിരിക്കണം കമ്മിറ്റിയുടെ ഘടന എന്നതിനെ കുറിച്ചും താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read more
പല നേതാക്കള്‍ക്കും പല താത്പര്യങ്ങളുണ്ടാകും. എന്നാല്‍ കരുത്തുറ്റ നേതൃത്വം വരാനുള്ള താത്പര്യമാണ് താന്‍ നേതൃത്വത്തെ അറിയിച്ചത്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും വൈകാതെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.