ഗാന്ധിവധത്തിലെ വിമര്‍ശനത്തിന് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച സാഹിത്യകാരന്‍ ബെന്യാമിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് എഴുത്തുകാരി കെആര്‍ മീര. ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ടെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളില്‍നിന്നു ഞാന്‍ അണുവിട മാറിയിട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍നിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതന്‍, ഞാനാണു മഹാമാന്യന്‍, ഞാനാണു സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതല്‍ എഴുതുന്നില്ലെന്നും മീര സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി.
മീററ്റില്‍ ഗോഡ്സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു. മീററ്റില്‍ നടന്ന പരിപാടിയിലാണ് ഹിന്ദുമഹാസഭ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെക്ക് ആദരം അര്‍പ്പിച്ചത്.
ഗാന്ധിയുടെ ആത്മാവിനെയും ഗാന്ധിസത്തെയും ഇന്ത്യയുടെ മണ്ണില്‍നിന്ന് തുടച്ചുനീക്കുമെന്നു തീരുമാനമെടുത്ത യോഗം, ഗാന്ധിയെ രാഷ്ട്രപിതാവാക്കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വാര്‍ത്ത പങ്കുവെച്ച് കെആര്‍ മീര സോഷ്യല്‍ മീഡിയയില്‍ ”തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ” എന്ന് പോസ്റ്റ് ഇട്ടിരുന്നു.
Read more
ഇതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.’ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടമെന്ന് ബെന്യാമിന്‍ വിമര്‍ശിച്ചു.