പാലക്കാട് എലപ്പുള്ളിയില്‍ എസ്പിഡിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ അക്രമിസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന കഞ്ചിക്കോട് നിന്ന് കണ്ടെത്തിയ കാര്‍ തന്റെ പേരിലാണെങ്കിലും അത് ഉപയോഗിക്കുന്നത് മറ്റൊരാളാണെന്ന് കാറുടമ കൃപേഷ്. തന്റെ പേരില്‍ എടുത്തിരിക്കുന്ന കാര്‍ രണ്ടു വര്‍ഷമായി അലിയാര്‍ എന്ന വ്യക്തിയാണ് ഉപയോഗിക്കുന്നത്. അയാള്‍ കാര്‍ വാടകയ്ക്ക് നല്‍കാറുണ്ട്. സുബൈര്‍ മരിച്ച ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കൃപേഷ് പറഞ്ഞു.
അതേ സമയം വെള്ളിയാഴ്ച രാവിലെ തനിക്ക് വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേശാണ് കാര്‍ വാടകയ്‌ക്കെടുത്തതെന്ന് അലിയാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞാണ് കാറെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് അയാളെ വിളിച്ചിട്ട് ഫോണ്‍കിട്ടിയിരുന്നില്ല. സുബൈറിന്റെ വീടിന് സമീപത്താണ് രമേശിന്റെ വീടെന്നും അലിയാര്‍ പറഞ്ഞു.
അക്രമിസംഘം സഞ്ചരിച്ചതെന്ന് സംശയിക്കുന്ന രണ്ടാമത്തെ കാര്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഞ്ചിക്കോട് നിന്നാണ് കാര്‍ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാര്‍ മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എലപ്പുള്ളി കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് വൈകിട്ട് സംസ്‌കരിക്കും.