വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ട്വന്റി-20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചെന്ന് കെഎസ്ഇബി. ഇക്കാര്യം ഉന്നയിച്ച് കെഎസ്ഇബി കിഴക്കമ്പലം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് എം ബഷീര്‍ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കി.
വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് എന്ന പേരില്‍ ഒരു ലൈറ്റിന് 2500 രൂപ വരെയാണ് ശേഖരിക്കുന്നത്. വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും വ്യക്തിക്കോ സംഘടനകള്‍ക്കോ ഫണ്ട് ശേഖരിക്കുന്നതിന് കെഎസ്ഇബി അനുവാദം നല്‍കിയിട്ടില്ലായെന്നിരിക്കെയാണ് ട്വന്റി-20 നടപടി.
പരാതിയില്‍ പണാപഹരണത്തിന് കേസെടുത്ത് അന്വേഷണം നടത്താനാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് പ്രചാരണം ഇങ്ങനെ
ജനങ്ങളുടെ ജീവിതവും സുരക്ഷിതത്വവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍തെരുവ് വിളക്കുകളുടെ പ്രസക്തിയേറുകയാണ്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത കമ്പനിയായ ഫിലിപ്സിന്റെ ഇക്കോലിങ്ക് ലൈറ്റുകളാണ് വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ പോകുന്നത്. മൂന്ന് വര്‍ഷം വാറണ്ടിയുള്ള 5200 ല്യൂമിനസ് പ്രകാശമുള്ള 45 വാട്സ് ലൈറ്റുകളാണിവ. തുരുമ്പ് പിടിക്കാത്ത പൗഡര്‍ കോട്ടിങ്ങോട് കൂടിയ സ്റ്റാന്റുകളിലാണ് ലൈറ്റ് ഘടിപ്പിക്കുക.
ഓട്ടോമാറ്റിക് & ഓട്ടോ സെന്‍സറിലൂടെ കൃത്യമായി തെളിയുകയും, അണയുകയും ചെയ്യുന്ന ലൈറ്റുകള്‍ നാടിനെ അത്യാധുനിക സംവിധാനത്തിലേക്ക് എത്തിക്കുന്നു. 2022 ജനുവരി 25 വൈകിട്ട് 8 ന് ആരംഭിച്ച ചലഞ്ചില്‍ 2022 ഫെബ്രുവരി 3ാം തീയതി രാത്രി 12 മണിവരെ 14,27,970 ( പതിനാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി തൊള്ളായിരത്തി എഴുപത് ) രൂപയാണ് കിട്ടിയത് (571 സ്ട്രീറ്റ് ലൈറ്റുകള്‍ക്കുള്ള തുക). സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം