'കെഎസ്ഇബിയില്‍ നിയമന നിരോധനമെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം'; ഫേസ്ബുക് കുറിപ്പുമായി മന്ത്രി കെ കൃഷ്ണൻകുട്ടി

കെഎസ്ഇബിയില്‍ നിയമന നിരോധനമെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി. വൈദ്യുതി മാന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഫേസ്ബുക് കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ‘കെഎസ്ഇബിയില്‍ നിയമന നിരോധനം’ എന്ന ശീര്‍‍‍ഷകത്തില്‍‍‍ റിപ്പോര്‍‍‍ട്ടര്‍‍‍ ചാനല്‍‍ സംപ്രേഷണം ചെയ്ത വാര്‍‍‍ത്ത വസ്തുതകള്‍‍‍ക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി പറഞ്ഞു.

അസിസ്റ്റന്റ് എന്‍‍‍ജിനീയര്‍‍‍ തസ്തികയിലേക്കുള്ള ഒഴിവുകള്‍‍‍ പിഎസ്സിക്ക് റിപ്പോര്‍‍‍ട്ട് ചെയ്യേണ്ടതില്ല എന്ന് ചെയര്‍‍‍മാന്‍‍‍‍ നിര്‍‍‍ദ്ദേശിച്ചു എന്നാണ് വാര്‍‍‍ത്തയിലെ പരാമര്‍‍‍‍ശം. എന്നാൽ ഇത് ശരിയല്ല എന്നും കെഎസ്ഇബി ലിമിറ്റഡില്‍‍‍ പ്രവര്‍‍‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പുന:സംഘടന പ്രവര്‍‍ത്തനങ്ങള്‍‍‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി കുറിച്ചു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലറ്ററി കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓരോ തസ്തികയിലേക്കും അംഗബലം പുനര്‍‍നിര്‍‍ണ്ണയിക്കുന്ന പ്രവൃ‍ത്തിയാണ് നടക്കുന്നത്. ഈ പ്രവര്‍‍‍ത്തനങ്ങള്‍‍‍ എത്രയും വേഗം പൂര്‍‍‍ത്തിയാക്കാനും അത് പൂര്‍‍‍ത്തിയാകുന്ന മുറയ്ക്ക് നിയമനങ്ങള്‍‍‍ തുടരുവാനുമാണ് ചെയര്‍‍‍മാന്‍‍‍ നിര്‍‍‍‍ദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍‍‍ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷയുടെ ചുരുക്കപ്പട്ടിക വന്നുകഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഇനി അഭിമുഖം മാത്രമാണ് നടക്കാനുള്ളളതെന്നും ഈ സാഹചര്യത്തില്‍‍‍ നിയമനനിരോധനം സംബന്ധിച്ച ആശങ്കകള്‍‍‍ അസ്ഥാനണെന്നും മന്ത്രി കുറിച്ചു.

സബ് എന്‍ജിനീയര്‍‍ തസ്തികയുടെ കാര്യത്തില്‍ 217 പേര്‍‍ക്ക് 2024 ഫെബ്രുവരിയില്‍ നിയമനം നല്‍കിയിരുന്നു. ഇതുകൂടാതെ മീറ്റര്‍‍ റീഡര്‍‍ തസ്തികയില്‍ 45 ഒഴിവുകള്‍‍ ഫെബ്രുവരിയില്‍ പിഎസ്സിയ്ക്ക് റിപ്പോര്‍‍ട്ട് ചെയ്തിട്ടുമുണ്ട്. വസ്തുതകള്‍‍ ഇങ്ങനെയിരിക്കെ കെഎസ്ഇബിയില്‍ നിയമന നിരോധനമില്ല എന്നത് വ്യക്തമാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു.