കെഎസ്ഇബി ചെയര്‍മാനും ഇടത് സംഘടനകളും തമ്മിലുള്ള പോര് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെഎസ്ഇബി കമ്പനി ആയതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രമാണ് സര്‍ക്കാരിന് അധികാരമുള്ളത്. മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡിന് മുന്നില്‍ സത്യാഗ്രഹം നടത്തും. ഇടത് സംഘടന നേതാവും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികൂടിയായ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജാസ്മിനെ അകാരണമായി സസ്‌പെന്‍ഡ് ചെയതുവെന്ന് ആരോപിച്ചാണ് ചെയര്‍മാനെതിരെ സമരം നടത്തുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ചെയര്‍മാന്‍ സംസാരിച്ചുവെന്ന് അസോസിയേഷന്‍ ആരോപിച്ചു. വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റിന്റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളും പ്രതികാാര നടപടികളും അവസാനിപ്പിക്കുക, സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വനിത സത്യാഗ്രഹവും, സംസ്ഥാന വ്യാപക പ്രതിഷേധവും സംഘടിപ്പിക്കുന്നത്.
അതേ സമയം പ്രതിഷേധത്തെ നേരിടാന്‍ ചെയര്‍മാന്‍ ബി. അശോക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സത്യാഗ്രഹം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. എന്നാല്‍ വിരട്ടി പിന്തിരിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും, ചെയര്‍മാന്‍ നയങ്ങള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് ഓഫിസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയത്.