കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്ന് അധികൃതര്‍; 'മുഖ്യമന്ത്രിക്ക് കത്തുകള്‍ അയച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല'

എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷനുകള്‍ നല്‍കാനുള്ള പണമില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍. കെ.എസ്.ആര്‍.ടി.സി. അഡ്മിനിസ്ട്രേറ്റീവ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സാഹചര്യത്തിന് മാറ്റമുണ്ടാവണമെങ്കില്‍ എവിടെ നിന്നെങ്കിലും കടം വാങ്ങുകയോ സര്‍ക്കാര്‍ സഹായധനം നല്‍കുകയോ ചെയ്യണം. ധനകാര്യമന്ത്രിക്കും ഇപ്പോള്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ആവശ്യങ്ങള്‍ കാണിച്ച് പലപ്രാവശ്യം കത്തുകള്‍ അയച്ചെങ്കിലും അനുകൂല മറുപടികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ മുഴുവന്‍ പെന്‍ഷനും ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലെ പതിനായിരം കഴിഞ്ഞുള്ള പെന്‍ഷനുമായി അഞ്ചുമാസത്തെ പെന്‍ഷനാണ് മുടങ്ങിയത്. ഇത് മുഴുവന്‍ കൊടുത്ത് തീര്‍ക്കുന്നതിന് 224 കോടി രൂപയാണ് വേണ്ടത്. എന്നാല്‍, ഇതില്‍ ഒരുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ പോലുമുള്ള പണം ഇപ്പോള്‍ കോര്‍പ്പറേഷനിലില്ല. ഒരുമാസം മുടക്കമില്ലാതെ പെന്‍ഷന്‍ നല്‍കുന്നതിന് 60 കോടി രൂപ മാറ്റിവെയ്ക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ അതിന് സാധിക്കുന്നില്ല.

നവംബറിലെ ശമ്പളം നല്‍കാന്‍ ഡിസംബറില്‍ 60 കോടി രൂപയും ഡിസംബറിലെ ശമ്പളം നല്‍കാന്‍ ജനുവരിയില്‍ 70 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും പെന്‍ഷനുമായി ബന്ധമുള്ളതല്ല. രണ്ട് ബാങ്കുകളില്‍നിന്നായി 75 കോടി രൂപ ലോണുമെടുത്താണ് മുന്‍പ് പെന്‍ഷന്‍ കൊടുത്തത്.