കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളി സംഘടനകള്‍. സിഐടിയു ആരംഭിച്ച പ്രതിഷേധ സമരം തുടരുകയാണ്. ഇതിന് പുറമെ ഐ.എന്‍.ടി.യു.സിയും ബി.എം.എസും ഇന്ന് പ്രത്യക്ഷ സമരം തുടങ്ങും. ടിഡിഎഫ് സെകട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ധര്‍ണ്ണ ആരംഭിക്കും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.
വിഷുവും ഈസ്റ്ററും കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടിഡിഎഫ് ധര്‍ണ നടത്തുക. ഈ മാസം 28ന് സിഐടിയുവും മെയ് ആറിന് ടിഡിഎഫും സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ചീഫ് ഓഫീസിലേക്ക് സിഐടിയു ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.
അതേ സമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. ശമ്പളം നല്‍കുന്നതിനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയ്ക്ക് പുറമെ ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്.
Read more
കഴിഞ്ഞ മാസത്തെ ശമ്പളമാണ് വിതരണം ചെയ്യുന്നത്. ഇന്ന് വൈകുന്നേരത്തോടെയോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം തുടങ്ങുമെന്നാണ് അറിയിപ്പ്. ശമ്പള വിതരണം നാളെ കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് മാനേജ്മെന്റ് നിലപാട്. ബുധനാഴ്ചയോടെ ശമ്പള വിതരണം തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.