കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ വന്‍ വിജയം; 40 ശതമാനം ഫീസിളവില്‍ പഠിക്കാം, പുതുതായി ആരംഭിക്കുന്നത് 12 കേന്ദ്രങ്ങള്‍

ഡ്രൈവിംഗ് ടെസ്റ്റില്‍ 80 ശതമാനത്തിലേറെ വിജയക്കുതിപ്പോടെ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ വിജയകരമാണെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിലവില്‍ തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിംഗ് കോളേജിലുള്‍പ്പെടെ ഒന്‍പത് ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡ്രൈവിംഗ് സ്‌കൂളുകളുടെ വിജയത്തിന് പിന്നാലെ ശൃംഖല കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 12 ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി 21 കാറുകള്‍കൂടി വാങ്ങി. ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കാറുകളുടെ ഫ്‌ളാഗ് ഓഫ് കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ നിര്‍വഹിച്ചു.

സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകളിലെ പരിശീലനം. നിലവില്‍ ഫോര്‍ വീലറുകള്‍ക്ക് 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്.

കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെ ഇളവ് നല്‍കിയിട്ടുണ്ട്. നിലവില്‍ എസ്ടിസി കൂടാതെ വിതുര, ചാത്തന്നൂര്‍, ചടയമംഗലം, ആറ്റിങ്ങല്‍, എടപ്പാള്‍, ചിറ്റൂര്‍, ചാലക്കുടി, മാനന്തവാടി എന്നിവിടങ്ങളിലും കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കാട്ടാക്കട, ചടയമംഗലം, മാവേലിക്കര, നിലമ്പൂര്‍, പയ്യന്നൂര്‍, പൊന്നാനി, എടത്വ, പാറശ്ശാല, പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സ്, പൂവാര്‍, നെടുമങ്ങാട് എന്നിവിടങ്ങളില്‍ക്കൂടി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കും.