സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താഴുന്ന കെഎസ്ആർടിസിയിൽ വരുമാനം വർധിപ്പിക്കാൻ പുത്തൻ നടപടികളുമായി അധികൃതർ. സർവ്വീസുകൾ വർധിപ്പിച്ച് വരുമാനം കൂട്ടാനുള്ള നീക്കത്തിനാണ് ലക്ഷ്യമിടുന്നത്.
പ്രതിദിന വരുമാനം എട്ട് കോടിയിലെത്തിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. യൂണിറ്റുകളിൽ വേണ്ട ബസുകളുടെ എണ്ണം ആവശ്യാനുസരണം അറിയിക്കാൻ അതാത് യൂണിറ്റുകൾക്ക് നിർദേശം നൽകി കഴിഞ്ഞു.
വരുമാനം വർധിപ്പിക്കാൻ സർവ്വീസ് കൂട്ടണമെന്ന് നേരത്തെ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. കൊവിഡിന് മുമ്പ് കെഎസ്ആർടിസിയിൽ അയ്യായിരത്തോളം സർവ്വീസുകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ഇപ്പോൾ 3800 സർവ്വീസുകൾ മാത്രമാണ് കെഎസ്ആർടിസിക്കുള്ളത്.
രാവിലെ 6 മുതൽ പത്ത് വരേയും വൈകിട്ട് 3 മുതൽ 7 വരേയും സർവ്വീസുകൾ ക്രമീകരിക്കാനാണ് നിർദേശം. നിലവിലെ എട്ട് മണിക്കൂറിൽ നിന്നും ജോലി സമയവും ഉയർത്തേണ്ടിവരുമെന്നതിനാൽ അധിക ജോലി സമയത്തിന് ഒരു മണിക്കൂറിന് 75 രൂപ അലവൻസ് നൽകുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിട്ടുള്ളത്.
എന്നാൽ അനാവശ്യമായ ഡ്യൂട്ടി പരിഷ്‌കാരങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്. സിംഗിൾ ഡ്യൂട്ടി പരിഷ്‌കാരം ഏകപക്ഷീയമാണെന്നും യൂണിയനുകൾ ആരോപിച്ചു.
നിയമാനുസൃത വേതനമായ 150 രൂപ നൽകണമെന്നാണ് യൂണിയന്റെ നിർദേശം. മെയ് മാസത്തെ ശമ്പള വിതരണത്തിനായി മാനേജ്‌മെന്റ് ഇതിനകം 65 കോടി ആവശ്യപെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാരിൽ നിന്ന് ആദ്യ ഘട്ടത്തിൽ 30 കോടിയും പിന്നീട് അധിക ധന സഹായമായി 20 കോടിയും ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാൻ സാധിച്ചത്. പിന്നാലെയാണ് മെയ് മാസത്തെ ശമ്പള വിതരണത്തിന് പണം ആവശ്യപ്പെട്ടത്.
അതേസമയം എല്ലാ കാലവും ശമ്പളത്തിന് സർക്കാർ സഹായം നൽകാൻ സാധിക്കില്ലെന്ന ആന്റണി രാജുവിന്റെ നിലപാടിനെ മുഖ്യമന്ത്രിയും പിന്തുണച്ചിരുന്നു. കോർപ്പോറേഷനിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹരമാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
സുശീൽ ഖന്ന റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ സർക്കാർ മാനേജ്‌മെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസി നടത്തിപ്പ് പ്രൊഫഷണൽ മികവുള്ളവരെ ഏൽപ്പിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ നിർദേശം.