കെ സ്വിഫ്റ്റുകളിൽ ഇനി ഒരു ഡ്രൈവർ കെഎസ്ആർടിസിയിൽ നിന്ന്. ഒരു സ്വിഫ്റ്റ് ബസിൽ ഡ്രൈവർ, കണ്ടക്ടർ ജോലികൾ ഒന്നിച്ചു ചെയ്യുന്ന (ഡ്രൈവർ കം കണ്ടക്ടർ) ഒരു കെഎസ്ആർടിസി ജീവനക്കാരനെ നിയമിക്കാനാണ് തീരുമാനം. നിലവിൽ ഒരോ ബസിലും രണ്ട് ഡ്രൈവർ കം കണ്ടക്ടർമാരെയാണ് കരാർ അടിസ്ഥാനത്തിൽ കെ സ്വിഫ്റ്റ് നിയമിച്ചിരിക്കുന്നത്. കെഎസ്ആർടിസിയിൽ ജോലി ചെയ്തുവരുന്നതും വോൾവോ ബസുകളിൽ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവർമാരെ കെ-സ്വിഫ്റ്റ് ബസുകളിൽ നിയമിക്കുന്നതിന് കോർപ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർ കെ-സ്വിഫ്റ്റിലെ സേവനവ്യവസ്ഥകൾ പാലിക്കാൻ തയ്യാറാണെന്നുള്ള സമ്മതപത്രം നൽകണം. താത്പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂൺ 10-നുമുമ്പ് ചീഫ് ഓഫീസിൽ ലഭ്യമാക്കണമെന്നാണ് നിർദേശം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കെ സ്വിഫ്റ്റ് യൂണിഫോം ധരിക്കേണ്ടിവരും. ഇത് കോർപ്പറേഷൻ നൽകും. കെഎസ്ആർടിസിയിലെ വേതന വ്യവസ്ഥയായിരിക്കും. കെ സ്വിഫ്റ്റ് ബസ്സുകൾ അടിക്കടി അപകടത്തിൽപ്പെടുന്നതുകൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാരെക്കൂടി നിയോഗിക്കാൻ തീരുമാനിച്ചതെന്ന് യൂണിയനുകൾ പറയുന്നു. നേരത്തേ തന്നെ ഒരുവിഭാഗം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നതാണ്.
കോഴിക്കോട് ബസ് ടെർമിനലിലെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങിയപ്പോൾ പുറത്തെടുത്തത് കെഎസ്ആർടിസി ഡ്രൈവറായിരുന്നു. അധികജോലിക്ക് കെ സ്വിഫ്റ്റിലെ വേതനവ്യവസ്ഥയാകും ബാധകമെന്നതും ജീവനക്കാരുടെ താത്പര്യം കുറയ്ക്കും. എന്നാൽ കെ സ്വിഫ്റ്റ് ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം കിട്ടുമെന്ന നേട്ടമുണ്ട്.