കെ.എസ്.ആര്‍.ടി.സി ശമ്പളക്കരാര്‍; മാനേജ്‌മെന്റിന് എതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍

കെ.എസ്.ആര്‍.ടി.സി ശമ്പളക്കരാര്‍ വിഷയത്തില്‍ മാനേജ്‌മെന്റിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍. കരാറിന്റെ കരടുരേഖ അട്ടമറിക്കപ്പെട്ടതായി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ പറഞ്ഞു. തൊഴിലാളി സംഘടനകള്‍ അംഗീകരിക്കാത്തതും, തള്ളിക്കളഞ്ഞതുമായ കാര്യങ്ങള്‍ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശമ്പളക്കരാറുമായി ബന്ധപ്പെട്ട കരടുരേഖയില്‍ തൊഴിലാളി വിരുദ്ധനയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും തൊഴിലാളികള്‍ ആരോപിച്ചു. ഡിസംബര്‍ 31 നകം ശമ്പളക്കരാര്‍ ഒപ്പിടുമെന്നാണ് സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നത്. പ്രശ്‌നം ന്യായമായി പരിഹരിക്കണം എന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ന്യായമായി പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മെന്റ് സമ്മതിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

Read more

ശമ്പളക്കരാര്‍ നടപ്പിലാക്കരുത് എന്ന കാര്യത്തില്‍ മാനേജ്‌മെന്റിന് പിടിവാശിയാണ്. ശമ്പള വിതരണം വൈകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മാനേജ്മെന്റ് പിടിവാശി ഉപേക്ഷിച്ചില്ലെങ്കില്‍ സമരം ശക്തമാക്കും എന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് 12 മണിക്ക് യൂണിയനുകളും ഗതാഗത മന്ത്രിയുമായി ചര്‍ച്ചയും നടക്കുന്നുണ്ട്.