സ്കാനിയ കൂനിന്‍ മേല്‍ കുരുവായി; 18 ബസുകള്‍ വരുത്തിയ നഷ്ടം നാലു കോടി

അന്തര്‍സംസ്ഥാന പാതകളിലോടുന്ന കെഎസ്ആടിസിയുടെ സ്‌കാനിയ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടത് മൂലമുണ്ടായത് നാല്‌കോടി രൂപയുടെ നഷ്ടം. അപകടത്തില്‍ തകര്‍ന്ന ബസുകള്‍ നന്നാക്കാന്‍ 84.34 ലക്ഷം രൂപ ചെലവിടേണ്ടിവന്നു. ഇതിന് പുറമെ അപകടത്തില്‍പ്പെട്ട ബസുകളുടെ ട്രിപ്പ് മുടങ്ങിയത് വഴി ദിവസവും 80000 രൂപയുടെ നഷടം വേറെ.

കെ.എസ്.ആര്‍.ടി.സി. വാങ്ങിയ 18 സ്‌കാനിയ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടത് വഴിയാണ് വന്‍ നഷ്ടം വന്നിരിക്കുന്നത്. ഒന്നരക്കോടി രൂപവരുന്ന ഒരു ബസ് അപകടത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതുകാരണം ബെംഗളൂരുവില്‍ ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന ബസ് നന്നാക്കിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഡ്രൈവര്‍മാരുടെ പിഴവ് ആരോപിക്കുന്നുണ്ടെങ്കിലും അവര്‍ക്കെതിരെ കാര്യമായ ശിക്ഷാനടപടികളെടുത്തിട്ടില്ല. മൂന്നു സ്‌കാനിയ ഡ്രൈവര്‍മാരില്‍നിന്നു മാത്രമാണ് പിഴ ഈടാക്കിയത്. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുമെങ്കിലും കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ നടപടികളധികമെടുക്കാറില്ല. ഡ്രൈവര്‍മാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നപ്പോഴാണ് അപകടനിരക്ക് കാര്യമായി ഉയര്‍ന്നത്.

വോള്‍വോ ബസുകള്‍ക്ക് പകരമാണ് സ്‌കാനിയയിലേക്ക് കെ.എസ്.ആര്‍.ടി.സി. മാറിയതെങ്കിലും ഇന്ധനക്ഷമതയില്‍ സ്‌കാനിയ പിന്നിലാണ്. വോള്‍വോ ബസുകള്‍ക്ക് ലിറ്ററിന് 2.79 കിലോമീറ്ററാണ് ഇന്ധനക്ഷമത. സ്‌കാനിയയുടേത് 2.31 കിലോമീറ്ററും. സ്‌കാനിയയില്‍ നിന്ന് ബസു വാങ്ങുമ്പോള്‍ അറ്റകുറ്റപ്പണിക്ക് കരാര്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നാല്‍ മാനേജ്‌മെന്റ് അതിന് ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.