സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ പ്രതിസന്ധി ഏറെ ചർച്ചയായതാണ്. എന്നാൽ ദിനം പ്രതി പുതിയ പരിഷ്കാരങ്ങളുമായി കളത്തിലിറങ്ങുന്ന കെഎസ്ആർടിസിക്ക് ഇതുവരെ വിചാരിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. അതു മാത്രമല്ല പല പരീക്ഷണങ്ങളും പരാജയപ്പെടുകയുമാണ് ചെയ്യുന്നത്. ഇപ്പോഴിതാ പുതിയ തന്ത്രങ്ങളുമായി യാത്രക്കാരെ ആകർഷിക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി.
പത്തനംതിട്ടയിൽ നിന്നുള്ള സർവീസുകളിലാണ് പുതിയ മാറ്റങ്ങൾ. 20ഓളം കെഎസ്ആർടിസി ബസുകളാണ് പുതുതായി ജില്ലയിൽ സർവീസ് തുടങ്ങുന്നത്. ഇതിൽ 2 ഷെഡ്യൂൾ സൂപ്പർ ഫാസ്റ്റും ബാക്കി ഫാസ്റ്റ് പാസഞ്ചറുമാണ്. യാത്രാനിരക്കിൽ 30 ശതമാനം ഇളവുമായാണ് ഈ ബസുകൾ നിരത്തിലിറങ്ങുന്നത്.
കാഞ്ഞങ്ങാട്-പുനലൂർ, പത്തനാപുരം-ചന്ദനക്കാംപാറ എന്നിവയാണ് സൂപ്പർ ഫാസ്റ്റുകൾ. കാഞ്ഞങ്ങാട് ബസ് ചിറ്റാരിക്കാൽ, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, തൊടുപുഴ, പാലാ, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴിയാണ് പുനലൂർ എത്തുക. ചന്ദനക്കാംപാറ ബസ് പത്തനാപുരത്തുനിന്ന് പുറപ്പെട്ട് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, തലശ്ശേരി, ഇരിട്ടി, ശ്രീകണ്ഠപുരം, പയ്യാവൂർ വഴിയാണ് സർവീസ് നടത്തുന്നത്.
പത്തനംതിട്ട-പാടിച്ചിറ, വർക്കല-മുണ്ടക്കയം, ചാത്തന്നൂർ-കുമളി, കൊട്ടാരക്കര-കൊല്ലം-കുമളി, പുനലൂർ-എറണാകുളം, കൊല്ലം-കുമളി, കൊല്ലം-കോരുത്തോട്, അടൂർ-ആലുവ, അടൂർ-കൂട്ടാർ, പത്തനംതിട്ട-ചേനപ്പാടി-എറണാകുളം, പത്തനംതിട്ട-കാക്കനാട്-എറണാകുളം, പത്തനംതിട്ട-വീഗാലാൻഡ്-എറണാകുളം, നെടുങ്കണ്ടം-അടിമാലി-പത്തനംതിട്ട, നെടുങ്കണ്ടം-കൊട്ടാരക്കര, ചെങ്ങന്നൂർ-കോമ്പയാർ എന്നിവയാണ്.
140 കിലോമീറ്ററിന് മുകളിലുള്ള സുപ്പർ ക്ലാസ് സർവീസുകൾ സ്വകാര്യ ബസുകൾക്ക് നടത്താനാകില്ല എന്ന സർക്കാർ ഉത്തരവ് ഇപ്പോൾ നിലവിലുണ്ട്. ഹൈക്കോടതിയിൽനിന്നു താത്കാലിക അനുമതി വാങ്ങിയാണ് ഇപ്പോൾ സ്വകാര്യബസുകൾ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി സർവീസുകൾ ഏറ്റെടുത്തത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുവാനായി യാത്രാനിരക്കിൽ ഇളവും പ്രഖ്യാപിച്ചു.ബസുകളില്ലൊം തന്നെ മുൻ വശത്തും പിറകിലുമായി നിരക്ക് ഇളവ് കാണിച്ച് പ്രത്യേക ബോർഡുകൾ വെച്ചിട്ടുണ്ട്.