അവധിയെടുത്തു മുങ്ങുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂക്ഷിക്കുക; പണി പുറകെ വരുന്നുണ്ട്

മതിയായ കാരണങ്ങള്‍ ഇല്ലാതെ അവധിയെടുക്കുന്ന ജീവനക്കാരെ അന്ന് തന്നെ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ആള്‍ക്ഷാമം മൂലം സര്‍വീസുകള്‍ സ്ഥിരമായി മുടങ്ങുന്നതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റ് കര്‍ശന നടപടി എടുക്കാന്‍ തയാറായത്.

ഏതെങ്കിലും ഡിപ്പോയില്‍ വെറുതെ ലീവെടുത്ത്് മുങ്ങുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വിവരങ്ങള്‍ ഉച്ചയ്ക്ക് മുമ്പ് വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവരെ അറിയിച്ചിരിക്കണമെന്നാണ് പുതിയ ചട്ടം. അന്ന് തന്നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടിയുണ്ടാകും.

കെ .എസ് .ആര്‍. ടി .സി .യുടെ എല്ലാ ഡിപ്പോകളിലും ബസുകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉണ്ടെന്നാണ് കണക്ക്. എന്നിട്ടും ജീവനക്കാരില്ലെന്ന കാരണത്താല്‍ സര്‍വീസ് മുടങ്ങുന്നത് ഗുരുതരമായ അവസ്ഥയാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.