പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കാനുള്ള പ്രതികാര നടപടി പിന്‍വലിച്ച് കെഎസ്ആര്‍ടിസി. പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം വൈകിപ്പിക്കാനുള്ള ഉത്തരാവാണ് റദ്ദാക്കിയത്. ഫെബ്രുവരി 4ന് ആയിരുന്നു ജീവനക്കാരുടെ പണിമുടക്ക്. ഇതിന് പിന്നാലെ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്ന് കെഎസ്ആര്‍ടിസി ഉത്തരവിറക്കി.
റെഗുലര്‍ ശമ്പള ബില്ലിന്റെ കൂടെ എഴുതരുതെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്‌റ് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര നടപടി പിന്‍വലിച്ച് കെഎസ്ആര്‍ടിസി രംഗത്തെത്തിയത്. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ മറ്റ് ജീവനക്കാര്‍ക്കൊപ്പം സ്പാര്‍ക്ക് വെബ്‌സൈറ്റില്‍ ചേര്‍ക്കാന്‍ ഉത്തരവിറങ്ങി.
ഡയസ്‌നോണ്‍ എന്‍ട്രി വരുന്ന ജീവനക്കാരുടെ ഫ്രെബുവരി മാസത്തെ ശമ്പള ബില്ലുകള്‍ പ്രത്യേകമായി പ്രോസസ് ചെയ്യേണ്ടതില്ലെന്നും ഇവ മറ്റു ബില്ലുകള്‍ക്കൊപ്പം പ്രോസസ് ചെയ്ത് സമയബന്ധിതമായി അപ്രൂവല്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ശമ്പളവും പെന്‍ഷനും ഒന്നാം തീയതി വിതരണം ചെയ്യുക, ഡി.എ.കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ബസ് റൂട്ടുകള്‍ സ്വകാര്യവത്കരിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.