കെഎസ്‌യു സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ല്. നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിന് കാരണം. കൂട്ടത്തല്ലില്‍ നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. രണ്ട് ദിവസമായി നടന്നുവരുന്ന ക്യാമ്പിന്റെ സമാപനം ഇന്ന് ഉച്ചയ്ക്കാണ്. അതിനിടെയാണ് ശനിയാഴ്ച്ച രാത്രി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
തല്ലിനിടെ നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരല്ലാത്ത രണ്ടുപേര്‍ ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്. ഇടുക്കിയില്‍ നടന്ന കെഎസ്‌യു നേതൃ ക്യാമ്പില്‍ കെപിസിസി നേതൃത്വത്തിനും അധ്യക്ഷനുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. ക്യാമ്പ് തുടങ്ങിയ ദിവസം മുതല്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗം നടത്തിയെന്നും ചിലര്‍ ആരോപിച്ചു.
Read more
സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ നിർദേശം. കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു ,എം എം നസീർ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എകെ ശശി എന്നിവർക്കാണ് അന്വേഷണ ചുമതല.