അഴിമതിക്കാരെ കൈകാര്യം ചെയ്യാന്‍ കെടി ജലീലിന്റെ സ്റ്റാര്‍ട്ടപ് വേണ്ട; അന്‍വറിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പ്; തുറന്നടിച്ച് എംവി ഗോവിന്ദന്‍

അഴിമതിക്കെതിരായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കെടി ജലീലിന്റെ സ്റ്റാര്‍ട്ടപ് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അഴിമതി തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്ന് ജലീല്‍ പ്രഖ്യാപിച്ചിരുന്നു.

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ വാട്‌സാപ്പ് നമ്ബര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. കൈക്കൂലിക്കാരുടെ തസ്തികയും ഓഫിസും ഉള്‍പ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേല്‍വിലാസവും ഫോണ്‍ നമ്ബറുമടക്കം എഴുതി അയച്ചാല്‍ വിജിലന്‍സ് തരുന്ന നോട്ടുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കാനുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും കൈമാറും.

പരാതിക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കിട്ടുന്ന പരാതികള്‍ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. 9895073107 എന്ന നമ്ബരാണ് വിവരങ്ങള്‍ കൈമാറാനായി നല്‍കിയത്.

പി വി അന്‍വറിന്റെ പരാതിയിലും കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നത്. കാര്യങ്ങള്‍ അന്വേഷിക്കണമെന്നതല്ല കോണ്‍ഗ്രസിന്റെ താല്‍പര്യം. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നു മാത്രമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. മാധ്യമങ്ങളും അതിന് പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയാണ്. എന്തു പ്രശ്‌നം ഉയര്‍ന്നു വന്നാലും മുഖ്യമന്ത്രിക്കും പാര്‍ടിക്കുമെതിരെ കടന്നാക്രമണം നടത്താനായി അതിനെ ഉപയോഗിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. എങ്ങനെ പാര്‍ടിയേയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കാം എന്ന ഗവേഷണത്തിലാണ് മാധ്യമങ്ങളും കോണ്‍ഗ്രസുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

. അന്‍വറിന്റെ പരാതിയെക്കുറിച്ച് പറയുന്ന മാധ്യമങ്ങള്‍ അന്‍വറിനെപ്പറ്റി പറയുന്നതും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന ബിസിനസുകള്‍ നടത്തുന്ന പിന്തിരിപ്പനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയിലാണ് അന്‍വറിനെ ചിത്രീകരിച്ചത്. അത്തരത്തില്‍ ചിത്രീകരിച്ച അന്‍വറിന് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്. ഇടത് രാഷ്ട്രീയത്തിന്റെ ഭാഗമായതുകൊണ്ടാണ് അന്‍വറിനെ അന്ന് എതിര്‍ത്തത്. ഇന്ന് അന്‍വറിന് ശ്രദ്ധ കൊടുക്കുന്നത് പരാതിയെ ഇടതുപക്ഷത്തിനെതിരായി തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ഗോവിന്ദന്‍ പറഞ്ഞു.