വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് ബിജെപി പ്രചാരണത്തിന്റെ പൂർണ ചുമതല നൽകി. വട്ടിയൂർക്കാവിലെ എൻഡിഎ കൺവെൻഷനിൽ താരമായത് കുമ്മനം രാജശേഖരനായിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കൺവെൻഷനിലേയും പ്രധാന വിഷയം. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പി എസ് ശ്രീധരൻപിള്ള കുമ്മനത്തിനാണ് തിരഞ്ഞെടുപ്പിന്‍റെ പൂർണ ചുമതലയെന്ന് പ്രഖ്യാപിച്ചു. കുമ്മനത്തെ സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ച ഒ, രാജഗോപാലിന്‍റെ നടപടിയെ പി എസ് ശ്രീധരൻപിള്ള പരോക്ഷമായി വിമർശിക്കാനും മടിച്ചില്ല.
രാജഗോപാലിനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. സ്ഥാനാർത്ഥിയെ പാർലമെന്‍ററി ബോർഡ് തീരുമാനിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കുന്ന രീതിയില്ലെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. മണ്ഡലത്തിൽ നിന്ന് ഒളിച്ചോടാൻ വന്നതല്ലെന്ന് വ്യക്തമാക്കിയ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങൾ നുണപ്രചാരണം മാത്രമാണെന്ന് വിശദീകരിച്ചു. കുമ്മനത്തിന് തിരഞ്ഞെടുപ്പിന്‍റെ പൂർണചുമതല നൽകി ആരോപണങ്ങൾ തടയിടാനാണ് ബിജെപിയുടെ ശ്രമം. വി വി രാജേഷ് ഉൾപ്പെടെ ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു.