തൃശൂര്‍ കുണ്ടന്നൂരില്‍ വെടിപ്പുരയിലെ സ്‌ഫോടനത്തില്‍ പൊള്ളലേറ്റ തൊഴിലാളി മരിച്ചു. കാവശേരി സ്വദേശി മണികണ്ഠന്‍ (55) ആണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഉഗ്രസ്ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ അകലെ വരെ അനുഭവപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ പ്രകമ്പനം കൊള്ളിക്കുന്ന രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. ഭൂചലനമാണെന്ന് ആദ്യം പലരും കരുതിയത്.
ശിവകാശിയില്‍നിന്നുള്ള അനേകം തൊഴിലാളികളുണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പ് അവരെല്ലാം കുളിക്കാന്‍ പോയിരുന്നു. അതിനാല്‍ വലിയ ദുരന്തം ഒഴിവായി. മരിച്ച മണികണ്ഠനും അവരുടെകൂടെ പോയിരുന്നെങ്കിലും സോപ്പ് എടുക്കാന്‍ മറന്ന് തിരിച്ചു വന്നതിനാല്‍ അപകടത്തില്‍ പെടുകയായിരുന്നു.
വെടിക്കെട്ടുപുരയില്‍ തീപ്പൊരി കണ്ട മണികണ്ഠന്‍ വെള്ളമൊഴിക്കുകയും അമിട്ടിന്റെ കളര്‍ഗുളികകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടസ്ഥലത്ത് ശേഷിച്ചത് വലിയ കുഴി മാത്രമാണ്. പരിസരത്തെ തെങ്ങുകളെല്ലാം കത്തി. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ ശബ്ദം ഭയപ്പാടുണ്ടാക്കി.
Read more
സ്ഫോടനത്തില്‍ കുണ്ടന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശമുണ്ടായി. ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ വീടുകളിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സമീപത്തെ വലിയ കെട്ടിടങ്ങളായ കുണ്ടന്നൂര്‍ കര്‍മലമാതാ പള്ളിയിലും സമീപത്തെ കുണ്ടന്നൂര്‍ സെയ്ന്റ് ജോസഫ് യു.പി. സ്‌കൂളിലും വലിയ നാശമുണ്ടായി.