നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയില്‍ ഉണ്ടായ പെട്രോള്‍ ബോംബേറ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് നേരെയാണ് പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഷിജു എം വര്‍ഗീസ് ഉള്‍പ്പെടെ നാല് പേരാണ് പ്രതികള്‍.
കുണ്ടറ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ആക്രമണം. ജനവികാരം മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെയാക്കി മാറ്റാനായിരുന്നു ശ്രമം. ഇതിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ ചാത്തന്നൂര്‍ പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആക്രമണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനി ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം വര്‍ഗീസ്. ഈ പദ്ധതി വിവാദമായി മാറിയിരുന്നു.