അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മഞ്ചേരി മൂന്നാം അതിവേഗ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കോളിളക്കമുണ്ടാക്കിയ കേസില്‍ 21 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2012 ജൂണ് 10ന് കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആ വര്‍ഷം ജനുവരിയില്‍ നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമായിരുന്നു ഇരട്ടക്കൊല.
കുനിയില്‍ കുറുവാടന്‍ മുക്താര്‍, കോഴിശ്ശേരിക്കുന്നത് റാഷിദ്, റഷീദ്, ചോലയില്‍ ഉമ്മര്‍, തുടങ്ങി 21 പേരായിരുന്നു കേസിലെ പ്രതികള്‍. സഹോദരങ്ങളായ കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയില്‍ അങ്ങാടിയില്‍ വച്ചു വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നാണ് കേസ്.
ദൃക്സാക്ഷികളുള്‍പ്പെടെ 364 സാക്ഷികളാണ് കേസിലുള്ളത്. 273 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ 100 തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.